
ദില്ലി: ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റവരെ എൽ.എൻ.ജെ.പി. ആശുപത്രിയിലെത്തി പ്രധാനമന്ത്രി സന്ദർശിക്കുകയും വിവരങ്ങൾ ആരാഞ്ഞറിയുകയും ചെയ്തു.
അതേസമയം, സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ദില്ലി നഗരത്തിൽ ഉടനീളം കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചുവന്ന നിറത്തിലുള്ള ഒരു എക്കോ സ്പോർട്ട് കാറിനായി പോലീസ് ഊർജിതമായി തെരച്ചിൽ നടത്തുകയാണ്.സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക് ഈ എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
സ്ഫോടനം നടത്തിയ ഉമറും മുസമിലും ഐ20 കാറിന് പുറമെ രണ്ട് കാറുകൾ കൂടി വാങ്ങിയതായി സൂചനയുണ്ട്.വാഹനം കണ്ടെത്തുന്നതിനായി കർശന പരിശോധനകൾ ആരംഭിച്ചു. ദില്ലിയിൽ മാത്രം അഞ്ച് പോലീസ് സംഘങ്ങളാണ് വാഹനത്തിനായി തെരച്ചിൽ നടത്തുന്നത്. ഉത്തർപ്രദേശ്, ഹരിയാന അതിർത്തി ചെക്ക് പോസ്റ്റുകളിലും പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.