
ദില്ലി : കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എൻ.ഇ.പി.യുടെ ഭാഗമായ പദ്ധതി സ്കൂളുകളുടെ വികസനത്തിൽ നിർണായകമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് കേരള സർക്കാരിനെ അഭിനന്ദിച്ചത്. ഇതോടെ കേരളം പദ്ധതിയിൽ ഒപ്പുവെച്ചു എന്നതിന് ഔദ്യോഗിക സ്ഥിരീകരണമായി.
എൻ.ഇ.പി.യുടെ ഭാഗമായ ഈ പദ്ധതിയിലേക്കുള്ള കൂടിച്ചേരൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി വളർത്തുന്നതിനും പ്രവർത്തന മികവ് ഉയർത്തുന്നതിനും നിർണായകമാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുറിച്ചത്. ഈ പദ്ധതിയുടെ ഒരുമിച്ചുള്ള നടത്തിപ്പിലൂടെ കേരളത്തിന്റെ നിലവിലെ വിദ്യാഭ്യാസ നിലവാരത്തെ ഉയർത്താനാകുമെന്നും പ്രസ്താവനയിൽ പറയുന്നു.