
ദില്ലി : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡു വിതരണം ചെയ്യുന്ന തീയതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് നവംബർ 19 ന് 2000 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. യോഗ്യരായ കർഷക കുടുംബത്തിന് വാർഷിക സാമ്പത്തിക സഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണിത്.
പിഎം കിസാൻ യോജനയുടെ ഏകദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് ഒരു ഗഡുവിൽ 2000 രൂപ എന്ന കണക്കിൽ ഒരു വർഷത്തിൽ മൂന്ന് തവണയായി ആകെ 6000 രൂപയാണ് ലഭിക്കുന്നത്. 2019 ഫെബ്രുവരി 24ന് ആരംഭിച്ച പദ്ധതിയുടെ 20 ഗഡുക്കളാണ് ഇതുവരെ വിതരണം ചെയ്തത്. തുക ലഭിക്കുന്നതിന് അർഹരായ കർഷകർ ഇ-കെവൈസി (e-KYC) നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം.
ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി പിഎം കിസാൻ പോർട്ടലിൽ ലഭ്യമാണ്. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസിക്കായി അടുത്തുള്ള സി.എസ്.സി. കേന്ദ്രങ്ങളെ (Common Service Centre) ബന്ധപ്പെടാവുന്നതാണ്. പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കർഷകർക്കും അവരുടെ സ്റ്റാറ്റസ് ഓൺലൈനായി ട്രാക്ക് ചെയ്യാൻ കഴിയും. സംശയ നിവാരണത്തിന് പിഎം കിസാൻ ഹെൽപ്പ് ലൈൻ നമ്പറുകളായ 155261 അല്ലെങ്കിൽ 011-24300606 എന്നതിൽ ബന്ധപ്പെടാം.