
ദില്ലി : തായ്‌ലാന്റിലെ പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. ബ്ലാക്ക് ബോക്സിലെ പ്രാഥമിക പരിശോധനയിൽ ആകാശത്തുവെച്ച് വിമാനത്തിന്റെ നിയന്ത്രണം 4 സെക്കൻഡ് നേരത്തേക്ക് പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നതായി വ്യക്തമായി.
വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങൾ പൈലറ്റിന്റെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ വന്നതോടെയാണ് വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചത്. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് പെട്ടെന്നുള്ള നിയന്ത്രണം നഷ്ടപ്പെടലിന് കാരണമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ഓഗസ്റ്റ് 4ന് പൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ AI 2379 (എയർബസ് A320) വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കും അടക്കം 17 പേർക്ക് പരിക്കേറ്റു.
അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് കൃത്യമായ വൈദ്യസഹായവും പിന്തുണയും നൽകുന്നതിൽ എയർ ഇന്ത്യ വീഴ്ച വരുത്തിയെന്ന പരാതി ശക്തമായതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിഷയം ഗൗരവമായി എടുത്തു. ഇതിന്റെ ഭാഗമായി എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസണെ മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടി.