Banner Ads

ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി; സംഘാടകർക്ക് തിരിച്ചടി.

കൊച്ചി: പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ശബരിമല തീർത്ഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരിൽ സെപ്റ്റംബർ 20-ന് നടത്തുന്നത് രാഷ്ട്രീയ പരിപാടിയാണെന്ന് ആരോപിച്ചാണ് ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി എം. നന്ദകുമാർ ഹർജി നൽകിയത്.

രാഷ്ട്രീയപരമായ പരിപാടിക്ക് ദേവസ്വം ബോർഡിന്റെ ഫണ്ട് ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹിന്ദുമത തത്വമായ ‘തത്വമസി’യുടെ പ്രചാരണത്തിനെതിരെ സർക്കാർ പണം ചെലവിടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, മതപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമായി വിശേഷിപ്പിക്കപ്പെടുന്ന പരിപാടിയാണ് ആഗോള അയ്യപ്പ സംഗമം. സെപ്റ്റംബർ 20-ന് പമ്പാ തീരത്ത് നടക്കുന്ന ഈ പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരും പരിപാടിയിൽ പങ്കെടുക്കും.