Banner Ads

പരുതൂർ സ്കൂൾ വെടിവയ്പ്പ്: ലിയോ സിനിമയിലെ രംഗം അനുകരിച്ചതിനിടെ കയ്യബദ്ധമെന്ന് മൊഴി; വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

തൃത്താല : പാലക്കാട് തൃത്താല പരുതൂർ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. 2023ൽ പുറത്തിറങ്ങിയ ലിയോ എന്ന തമിഴ് സിനിമയിലെ രംഗം അനുകരിച്ചതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് സഹപാഠികളുടെ മൊഴി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ക്ലാസ് ഇടവേളയിലാണ് സംഭവം നടന്നത്.

റീൽസും സിനിമയും കണ്ട് കൂട്ടുകാരുടെ മുന്നിൽ വീമ്പ് കാട്ടുന്നതിനായി ലോകേഷ് കനകരാജ്-വിജയ് ചിത്രത്തിലെ ഫയറിംഗ് രംഗം അനുകരിക്കുകയായിരുന്നു വിദ്യാർത്ഥി. ആദ്യ വെടിയുണ്ട ക്ലാസ്മുറിയുടെ ഭിത്തിയിലാണ് പതിച്ചത്. പത്ത് മിനിറ്റിന് ശേഷം ബാഗിൽ നിന്ന് തോക്ക് വീണ്ടും പുറത്തെടുത്ത് സിനിമാ ശൈലിയിൽ പ്രയോഗിച്ചപ്പോൾ ഒന്നര അടി മാത്രം അകലെ നിന്ന സഹപാഠിയുടെ കൈക്ക് മുകളിലാണ് വെടിയുണ്ട കൊണ്ടത്.

ഷോ കാണിക്കുന്നതിനിടെ സംഭവിച്ച കയ്യബദ്ധമാണിതെന്നും ബോധപൂർവ്വമല്ലെന്നും പരിക്കേറ്റ സഹപാഠിയും സാക്ഷികളായ മറ്റ് വിദ്യാർത്ഥികളും പൊലീസിന് മൊഴി നൽകി. ഇതേത്തുടർന്ന് ബോധപൂർവ്വമല്ല കൃത്യം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. വെടിയുതിർത്ത വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഡിസംബർ അഞ്ചുവരെ വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

അമ്മയുടെ അലമാരയിൽ നിന്നാണ് തോക്ക് ലഭിച്ചതെന്ന വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാതാവിനെതിരെ ആംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ധൃതിപിടിച്ച് അറസ്റ്റ് വേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. വർഷങ്ങൾക്ക് മുൻപ് മരിച്ച മുത്തച്ഛൻ ഉപയോഗിച്ചിരുന്ന തോക്കാണിതെന്നാണ് വിവരം. തോക്കിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.