
തിരുവനന്തപുരം : ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരനായ അഭിറാം കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരനെയും രണ്ടാം പ്രതി ഉമറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഒന്നാം പ്രതിയുടെ കസ്റ്റഡി അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്ട്രേറ്റ് ഇന്ന് പരിഗണിക്കും. കസ്റ്റഡി അനുവദിച്ചാൽ ഉമറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ പദ്ധതി. കൊലപാതകം രണ്ടു ദിവസം മുൻപേ ആസൂത്രണം ചെയ്തതാണെന്ന് മൂന്നാം പ്രതിയായ അനന്ദ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിന് രണ്ടു ദിവസം മുൻപ് തന്റെ ഫോൺ ഒന്നാം പ്രതിക്ക് കൈമാറിയതായി ചോദ്യം ചെയ്യലിൽ അനന്ദ സമ്മതിച്ചു. കൊല്ലപ്പെട്ട അഭിറാമിന്റെ കാണാതായ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊലപാതകം നടന്ന പ്രദേശം ഇന്ന് കാട് വെട്ടിത്തെളിച്ച് വിശദമായി പരിശോധിക്കും.