Banner Ads

ശ്മശാന ഭൂമിയിൽ പഞ്ചായത്ത് മാലിന്യം കത്തിച്ചു; വിതുര പഞ്ചായത്തിലെ കരാറുകാരന് പിഴയിട്ട് അധികൃതർ

തിരുവനന്തപുരംഹരിതകർമ്മ സേനയുടെ മികച്ച മാലിന്യ സംസ്കരണത്തിന് പേരെടുത്ത വിതുര പഞ്ചായത്തിൽ, പഞ്ചായത്ത് ഓഫീസിലെ മാലിന്യം ശ്മശാനത്തിനായി വാങ്ങിയ ഭൂമിയിലിട്ട് കത്തിച്ചത് വിവാദമായി. സംഭവത്തിൽ കരാറുകാരനായ മേമല സ്വദേശി ശ്രീകുമാറിന് 5000 രൂപ പിഴ ചുമത്തി.കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.

പഞ്ചായത്ത് പൊതു ശ്മശാനത്തിനായി മേമലയിൽ വാങ്ങിയ സ്ഥലത്താണ് പഞ്ചായത്ത് ഓഫീസിലെ പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങൾ ഉൾപ്പെടെ രണ്ട് ലോഡോളം വേസ്റ്റ് നിക്ഷേപിച്ച് കത്തിച്ചത്.അസഹനീയമായ പുകയും ദുർഗന്ധവും ഉയർന്നതോടെയാണ് നാട്ടുകാർ സംഭവമറിഞ്ഞത്. സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങളിലെ തൊഴിലാളികൾ ഭക്ഷണം പാകം ചെയ്യുന്നതാണെന്നാണ് ആദ്യം കരുതിയത്.

എന്നാൽ, പ്ലാസ്റ്റിക് മാലിന്യം ഉരുകി രൂക്ഷഗന്ധം ഉയർന്നതോടെ നാട്ടുകാർ പരിശോധന നടത്തുകയായിരുന്നു. പഞ്ചായത്തിലെ പഴയ ഫയലുകൾ അടക്കം മാലിന്യത്തിൽ ഉണ്ടായിരുന്നതിനാൽ ഇത് പഞ്ചായത്ത് ഓഫീസിൽ നിന്നുള്ളതാണെന്ന് നാട്ടുകാർക്ക് മനസ്സിലായി.നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരാറുകാരന്റെ വീഴ്ചയാണെന്ന് കണ്ടെത്തി പിഴ ചുമത്തിയത്.