തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പന മരം കടപുഴകി വീണ് ഡ്രൈവർ അടക്കം മൂന്നുപേർക്ക് പരിക്ക്.വടക്കാഞ്ചേരി കുറാഞ്ചേരി വളവിലുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞ് യാത്രികർക്ക് പരിക്ക് പറ്റി. പഴയന്നൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.
ഓട്ടോ ഡ്രൈവറായ കാക്കരകുന്ന് വീട്ടിൽ സന്തോഷ്, അനുജൻ സനീഷ്,അമ്മ തങ്കം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പഴയന്നൂരിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.പാതയോരത്തെ കുന്നിൻ ചെരുവിൽ നിന്നിരുന്ന പന മരമാണ് കാറ്റിൽ കടപുഴകി ഓട്ടോറിക്ഷക്ക് മുകളിലേക്ക് വീണത്. ഇതോടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. അപകടത്തിൽപ്പെട്ട സ്ത്രീയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.