
ദില്ലി : അന്താരാഷ്ട്ര സമുദ്ര മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പലിലേക്ക് പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവത്തിൽ അറിയിച്ച് ഇന്ത്യ. ന്യൂഡൽഹിയിലെ പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് അതൃപ്തി രേഖപ്പെടുത്തിയത്. ഒമാൻ തീരത്തുനിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് സംഭവം.
അപകടത്തിൽ ഇന്ത്യൻ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. പാകിസ്ഥാൻ നാവിക യൂണിറ്റിന്റെ ഭാഗത്തുനിന്നുണ്ടായ അസ്വീകാര്യവും അപക്വവുമായ ഈ പെരുമാറ്റം ഉഭയകക്ഷി കരാറുകളുടെ പരസ്യമായ ലംഘനമാണെന്ന് ഇന്ത്യ വ്യക്തമാക്കി. സൈനിക നീക്കങ്ങളും പരിശീലനങ്ങളും സംബന്ധിച്ച് ഇരുരാജ്യങ്ങളും മുൻകൂട്ടി വിവരങ്ങൾ കൈമാറണമെന്ന് നിർദ്ദേശിക്കുന്ന 1991 ഏപ്രിലിലെ കരാറിലെ ആർട്ടിക്കിൾ 10 ആണ് പാകിസ്ഥാൻ ലംഘിച്ചത്.
ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാക് സൈനിക യൂണിറ്റുകൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും നിലവിലുള്ള കരാറുകൾ പാലിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും പാക് പ്രതിനിധിയോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇതിന് പുറമെ ഇസ്ലാമാബാദിലെ ഇന്ത്യൻ പ്രതിനിധി വഴി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന് മുന്നിലും ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.