Banner Ads

പത്മകുമാർ ജയിലിലേക്ക്: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; കേസിൽ നിർണ്ണായക വഴിത്തിരിവ്.

കൊല്ലം: ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വർണ്ണം കവർന്ന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുൻ എം.എൽ.എയുമായ എ. പത്മകുമാറിനെ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.റിമാൻഡ് ചെയ്ത പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

പ്രത്യേക അന്വേഷണ സംഘം (SIT) ഇന്നലെ വൈകുന്നേരമാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു പ്രത്യേക കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.സ്വർണ്ണക്കൊള്ള കേസിൽ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് എല്ലാവിധ സഹായങ്ങളും ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്.ഐ.ടി. ഇതിലൂടെ അദ്ദേഹം സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.കേസിൽ നേരത്തെ അറസ്റ്റിലായവരുടെയെല്ലാം മൊഴികൾ പത്മകുമാറിന് എതിരാണെന്നാണ് റിപ്പോർട്ട്.

മുരാരി ബാബു മുതൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു വരെയുള്ള പ്രതികൾ പത്മകുമാറിനെതിരെ മൊഴി നൽകിയതായും സൂചനയുണ്ട്.പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ, ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിന്റെ ശുപാർശയിൽ ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് സ്വർണ്ണം പതിച്ച പാളികൾ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തി 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കേസിൽ നേരത്തെ അറസ്റ്റിലായ എൻ. വാസുവിനെ വ്യാഴാഴ്ച വൈകീട്ടുവരെ എസ്.ഐ.ടി. കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും പത്മകുമാർ സാവകാശം തേടിയിരുന്നു. നിലവിൽ, പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളെപ്പറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്.