Banner Ads

ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്; മട്ടന്നൂരിൽ മിന്നൽ റെയ്ഡ്, ഇ-സിഗരറ്റുകളും എംഡിഎംഎ ഉപകരണങ്ങളും പിടികൂടി

മട്ടന്നൂർ : സംസ്ഥാനവ്യാപകമായി ലഹരിമാഫിയക്കെതിരെ പോലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി മട്ടന്നൂരിൽ വൻ വേട്ട. മട്ടന്നൂരിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് നിരോധിത ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കാനായി പ്രത്യേകം തയ്യാറാക്കിയ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

ഒരു കട കേന്ദ്രീകരിച്ച് ഇത്തരം ലഹരി ഉപകരണങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ വലയിലായത്. നിരോധിച്ചിട്ടുള്ള ഇലക്ട്രോണിക് സിഗരറ്റുകൾ എംഡിഎംഎ, കഞ്ചാവ് എന്നിവ വലിക്കാൻ ഉപയോഗിക്കുന്ന ഫണലുകൾ, ഗ്ലാസ് ട്യൂബുകൾ, ഒസിബി പേപ്പറുകൾ എന്നിവയാണ് പോലീസ് കണ്ടെടുത്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിരാജ് പി ഐ പി എസിന്റെ കർശന നിർദ്ദേശപ്രകാരമാണ് മട്ടന്നൂർ പോലീസ് സംഘം ഈ റെയ്ഡിന് നേതൃത്വം നൽകിയത്. ലഹരി മാഫിയയുടെ കണ്ണി അറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക പരിശോധനകൾ.

വരും ദിവസങ്ങളിലും ജില്ലയിലുടനീളം പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും ലഹരി ഇടപാടുകാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.