
തിരുവനന്തപുരം : ലഹരിവസ്തുക്കളുടെ നിർമ്മാർജ്ജനത്തിനായി ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പരിശോധന ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഇതുവരെ 12963 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 46 കേസുകളിലായി 52 പേർ കൂടി അറസ്റ്റിലായതോടെ കേസ് മുൻവർഷങ്ങളെ അപേക്ഷിച്ച് 12013 ആയി ഉയർന്നു. ഇതുവരെ 25903.995 ഗ്രാം എംഡിഎംഎയും 1629.434 കി.ഗ്രാം കഞ്ചാവും 776.149 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ നിന്നായി 195.016 ഗ്രാം എംഡിഎംഎയും 0.028 കിഗ്രാം കഞ്ചാവും 1 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തു. ചെറുതും വലുതുമായ അളവിൽ ലഹരി കൈവശം വെച്ചതിനും എൻഡിപിഎസ് നിയമപ്രകാരവും കോട്പ നിയമപ്രകാരവും കേസുകൾ എടുത്തിട്ടുണ്ട്. പൊലീസ് നടപടികൾക്ക് പുറമെ ബോധവൽക്കരണവും മുന്നോട്ട് പോകുന്നുണ്ട്. ഇന്നലെ മാത്രം 24 ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
ഇതുവരെ 10810 ക്ലാസുകളും 874 കൗൺസിലിംഗുകളും പൂർത്തിയാക്കി. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 7696 പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.