
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് കിരീടം. അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ തിലക് വർമയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് ഓൾ ഔട്ടായി. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 84 എന്ന ശക്തമായ നിലയിലായിരുന്നു പാകിസ്ഥാൻ. എന്നാൽ, കുൽദീപ് യാദവിന്റെ (4 വിക്കറ്റ്) നേതൃത്വത്തിലുള്ള ഇന്ത്യൻ സ്പിൻ ആക്രമണത്തിൽ അവർ തകർന്നു.
സാഹിബ്‌സാദ ഫർഹാൻ (38 പന്തിൽ 57), ഫഖർ സമാൻ (35 പന്തിൽ 46) എന്നിവർ പാകിസ്ഥാന് മികച്ച തുടക്കം നൽകിയെങ്കിലും, 113 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ നിന്ന് വെറും 34 റൺസ് ചേർക്കുന്നതിനിടെ അവസാന 9 വിക്കറ്റുകളും നഷ്ടമായി. കുൽദീപ് യാദവിനെ കൂടാതെ വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി
147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കം പാളി. വെറും 20 റൺസെടുക്കുന്നതിനിടെ അഭിഷേക് ശർമ (5), സൂര്യകുമാർ യാദവ് (0), ശുഭ്മാൻ ഗിൽ (4) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ഇതോടെ 3 വിക്കറ്റിന് 20 എന്ന നിലയിൽ ഇന്ത്യ പരുങ്ങി.
തുടർന്ന് ക്രീസിലെത്തിയ സഞ്ജു സാംസണും (21 പന്തിൽ 24) തിലക് വർമയും ചേർന്ന് 57 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. സഞ്ജു പുറത്തായ ശേഷം ക്രീസിലെത്തിയ ശിവം ദുബെ (22 പന്തിൽ 33) വേഗത്തിൽ റൺസ് നേടി കളി ഇന്ത്യയുടെ വരുതിയിലാക്കി.
അവസാന രണ്ട് ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 17 റൺസായിരുന്നു വേണ്ടിയിരുന്നത്. പത്തൊമ്പതാം ഓവറിൽ ഫഹീം അഷ്‌റഫിനെ ദുബെ ബൗണ്ടറി പായിച്ചെങ്കിലും അവസാന പന്തിൽ പുറത്തായി.
അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ വേണ്ടപ്പോൾ, ഹാരിസ് റൗഫ് എറിഞ്ഞ ഓവറിൽ തിലക് വർമ ആദ്യ പന്തിൽ 2 റൺസ് ഓടിയെടുത്തു. പിന്നാലെ രണ്ടാം പന്തിൽ തകർപ്പൻ സിക്സറടിച്ച് തിലക് സമ്മർദ്ദം പാകിസ്ഥാന് മേലെയാക്കി. അടുത്ത പന്തിൽ 1 റൺ. നാലാം പന്തിൽ റിങ്കു സിംഗ് (4)* ബൗണ്ടറി നേടി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.53 പന്തിൽ 69 റൺസ് നേടി പുറത്താകാതെ നിന്ന തിലക് വർമയാണ് ഇന്ത്യയുടെ കിരീട വിജയശിൽപ്പി. ഈ വിജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം ഉയർത്തി.