
ന്യൂഡല്‍ഹി: വയനാടിന് 260 കോടി രൂപ മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി ശക്തമായി രംഗത്ത്. പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചിട്ടും വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രമാണ് എന്ന് പ്രിയങ്ക ആരോപിച്ചു.
“പ്രധാനമന്ത്രി വയനാട് സന്ദർശിച്ചതിന് ശേഷം, വീടും ഉപജീവനമാർഗവും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾ അർത്ഥവത്തായ സഹായം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പകരം അവർക്ക് ലഭിച്ചത് കടുത്ത അവഗണനയാണ്.”
ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായി ഉയരണം എന്നും പ്രിയങ്ക ആവശ്യപ്പെട്ടു. “മനുഷ്യൻ്റെ കഷ്ടപ്പാടുകളെ ഒരു രാഷ്ട്രീയ അവസരമായി കണക്കാക്കാൻ കഴിയില്ല. വയനാട്ടിലെ ജനങ്ങൾ നീതി, പിന്തുണ, അന്തസ്സ് എന്നിവയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല” എന്നും അവർ വ്യക്തമാക്കി.