
കൊച്ചി : സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷൻ നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങൾ തീരുമാനിച്ചു. പെൻഷൻ ലഭിക്കുന്നതിനായി അപേക്ഷകർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്. ക്ഷേമപെൻഷൻ വിതരണം ചെയ്യുന്ന അതേ മാതൃകയിൽ സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി വഴി അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറും.
മറ്റുക്ഷേമ പദ്ധതികളില്‍ അംഗങ്ങളല്ലാത്ത 35-നും 60-നും ഇടയില്‍ പ്രായമുള്ള, അന്ത്യോദയ അന്നയോജനയിലും (മഞ്ഞ റേഷന്‍ കാര്‍ഡ്) മുന്‍ഗണന വിഭാഗങ്ങളിലും (പിങ്ക് റേഷന്‍ കാര്‍ഡ്) വരുന്ന സ്ത്രീകള്‍ക്കാണ് അര്‍ഹത. ഈ വിഭാഗങ്ങളില്‍ വരുന്ന ട്രാന്‍സ് വുമണിനും അപേക്ഷിക്കാം. മാനദണ്ഡങ്ങൾക്കുള്ളിൽ വരുന്നു എന്ന് തെളിയിക്കുന്ന സത്യപ്രസ്താവന നൽകണം.
പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഹാജരാക്കാം. മറ്റൊരു രേഖയുമില്ലെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സംസ്ഥാനത്ത് സ്ഥിരമായി താമസിക്കുന്ന ആളാകണം. വിധവ, അവിവാഹിത, വികലാംഗ, സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍, സര്‍വീസ്, കുടുംബ പെന്ഷന്, ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള പെന്ഷന്, ഇപിഎഫ് പെന്ഷന് മുതലായവ ലഭിക്കുന്നവര്‍ക്ക് അര്‍ഹതയില്ല.
കേരളത്തില്‍ നിന്ന് താമസം മാറുകയോ കേന്ദ്ര- സംസ്ഥാന, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലോ പദ്ധതികളിലോ സ്ഥിരമോ താത്കാലികമായോ ജോലി കിട്ടുകയോ ചെയ്താല്‍ തുടര്‍ന്ന് പെന്ഷന് കിട്ടില്ല. എന്നാല്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി പെന്ഷന് കിട്ടാന്‍ തടസ്സമായി പറയുന്നില്ല. റേഷന്‍ കാര്‍ഡുകള്‍ നീല, വെള്ള എന്നിവയായി തരം മാറ്റപ്പെട്ടാലും പെന്‍ഷനില്ല. ഒരു മാസത്തിലേറെ റിമാന്‍ഡിലോ ജയിലിലോ ആയാലും അര്‍ഹത നഷ്ടപ്പെടും.