Banner Ads

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം: മ്യൂസിയം സ്റ്റേഷനിലെ 6 പൊലീസുകാർക്ക് എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റം; എസ്‌എച്ച്‌ഒ ചുമതലയൊഴിഞ്ഞു

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഇ ഡി കേസ് പ്രതികൾ ഓണാഘോഷവും റീൽസ് ചിത്രീകരണവും നടത്തിയ സംഭവത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് നടപടി. ജി ഡി ചാർജുള്ള ഉദ്യോഗസ്ഥൻ, റീൽസ് ചിത്രീകരണം തടയാതെ നോക്കിനിന്ന പൊലീസുകാർ എന്നിവരുൾപ്പെടെ ആറുപേരെ എ ആർ ക്യാമ്പിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് മ്യൂസിയം എസ്‌എച്ച്‌ഒ പ്രശാന്ത് സ്റ്റേഷൻ ചുമതല ഒഴിഞ്ഞു.

എസ്‌എച്ച്‌ഒയ്‌ക്കെതിരായ അച്ചടക്ക നടപടി ഐജി തലത്തിൽ തീരുമാനിക്കും.
പൊലീസുകാരും പ്രതികളും തമ്മിൽ ഓണാഘോഷം സംഘടിപ്പിച്ചതിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യം ഡിസിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തും. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരം നടന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

പ്രതികൾക്ക് പൊലീസ് വസ്ത്രം വാങ്ങിനൽകിയിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. പാളയം കല്യാൺ ടെക്സ്റ്റൈൽസിൽ നിന്ന് മ്യൂസിയം സ്റ്റേഷൻ വാങ്ങിയ 68 ഷർട്ടുകളും പൊലീസുകാരുടെ പട്ടികയും പരിശോധിച്ചാണ് ഇത് സ്ഥിരീകരിച്ചത്.എസ്‌എച്ച്‌ഒ പ്രശാന്ത് സ്റ്റേഷനിലെത്തുമ്പോൾ പ്രതികൾ അവിടെയുണ്ടായിരുന്നു. പ്രതിയായ ഉണ്ണിയോട് സ്റ്റേഷന് മുന്നിലും, ഐപി ബിനുവിനോട് സ്റ്റേഷനുള്ളിലും വെച്ച് കേസിനെക്കുറിച്ച് സംസാരിച്ചു.

എസ്‌എച്ച്‌ഒ സ്റ്റേഷനിലുള്ള സമയത്താണ് പ്രതികൾ പുറത്ത് റീലിന്റെ ബാക്കി ഭാഗങ്ങൾ ചിത്രീകരിച്ചത്.പ്രതികളെ സ്റ്റേഷൻ പരിസരത്ത് നിന്ന് പിരിച്ചുവിടുന്നതിൽ എസ്‌എച്ച്‌ഒ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. ഐപി ബിനു ധരിച്ച നീല ഷർട്ടും പൊലീസുകാരുടെ ഷർട്ടും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്പെഷ്യൽ ബ്രാഞ്ച് നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ തന്റെ ശുപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഐജിക്ക് കൈമാറി. പൊലീസുകാർ പ്രതികൾക്ക് ഒത്താശ ചെയ്തു നൽകിയോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.