Banner Ads

ഓണാഘോഷം അതിരുകടന്നു: മുവാറ്റുപുഴയിൽ എൻജിനിയറിങ് വിദ്യാർഥികളുടെ അപകടകരമായ യാത്ര.

മുവാറ്റുപുഴ: ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളുടെ ഓണാഘോഷം നിയമലംഘനങ്ങളുടെ പേരിൽ വിവാദത്തിൽ. കെഎസ്ആർടിസി ബസും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നടത്തിയ അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്.

വിവാഹം, വിനോദയാത്ര തുടങ്ങിയ ആവശ്യങ്ങൾക്കായി കെഎസ്ആർടിസി ബസുകൾ വാടകയ്ക്ക് എടുക്കാമെങ്കിലും, ഓണാഘോഷത്തിന് ബസ് വാടകയ്ക്ക് എടുത്തത് അപൂർവമാണെന്ന് വിലയിരുത്തപ്പെടുന്നു. ബസിന്റെ വാതിൽ തുറന്നിട്ടും, സ്റ്റെപ്പുകളിലും ജനലുകളിലും ഇരുന്നും നിന്നുമുള്ള വിദ്യാർഥികളുടെ യാത്ര ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവർക്കൊപ്പം അനുഗമിച്ച സ്വകാര്യ വാഹനങ്ങളുടെ ഡോറുകളിലും മറ്റും വിദ്യാർഥികൾ തൂങ്ങി യാത്ര ചെയ്യുന്നതും കാണാം.

ഈ നിയമലംഘനത്തിനെതിരെ വലിയ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കാറുണ്ട്. അതിനാൽ, ഗുരുതരമായ നിയമലംഘനം നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കും വിദ്യാർഥികൾക്കുമെതിരെ ശക്തമായ നടപടി വേണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.