Banner Ads

യെമനിലെ വധശിക്ഷ: നിമിഷ പ്രിയയെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ്രം

ദില്ലി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും തുടരുകയാണ്. ജൂലൈ 16-നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാണ്.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്നാണ് നിലവിൽ ലഭിച്ചിരുന്ന വിവരം . ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയിരിക്കുന്നത്.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്.നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് തന്നെ നയിച്ചത് എന്നും നിമിഷ പറഞ്ഞത്.

തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം .