
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ കണ്ടിയില്‍ താഴെ വെച്ചാണ് ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപിടിച്ചത്. കോതങ്കോട്ട് പാറമ്മല്‍ സ്വദേശിയായ അനിലാഷാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ഡോര്‍ തുറന്ന് പുറത്തിറങ്ങിയതിനാല്‍ ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അനിലാഷ് വീട്ടില്‍ നിന്നും വാനുമായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു. കുറച്ചുദൂരം മുന്നോട്ട് പോയപ്പോൾ ഡ്രൈവര്‍ സീറ്റിന്റെ അടിഭാഗത്ത് നിന്ന് തീയും പുകയും വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയത് രക്ഷയായി. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ വിവരം അറിയിച്ചതിനെ തുടർന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണച്ചു.
വാഹനത്തിന്റെ സീറ്റടക്കമുള്ള മുന്‍ഭാഗം പൂർണ്ണമായും കത്തിനശിച്ചു. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ സജിത്ത്, വിനീത്, സത്യനാഥന്, വിപിന്‍, രഗിനേഷ്, ഹൃദിന്‍, അശ്വിന്, അനീഷ് കുമാര്‍, രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.