Banner Ads

ഒമാനിൽ സ്വദേശിവത്കരണം കർശനമാക്കി; വിദേശ സ്ഥാപനങ്ങൾ ഒരു വർഷത്തിനകം ഒരു സ്വദേശിയെ നിയമിക്കണം

ഒമാൻ : ഒമാനിൽ സ്വദേശിവത്കരണ നിയമങ്ങൾ കൂടുതൽ കർശനമാക്കി. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വിദേശ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണം.

വിദേശ മൂലധന നിക്ഷേപ നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളിൽ ഭേദഗതി വരുത്തിയാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഈ നിയമം നടപ്പിലാക്കുന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന വലുതും ചെറുതുമായ എല്ലാ വിദേശ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും നിർദേശം ബാധകമാണ്.

വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ നിയമനം നടത്തണം. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ, വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യൽ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും കാലാവധി നിശ്ചയിക്കുക. പ്രമേയം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ അടുത്ത ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.