Banner Ads

പോലീസിനെതിരെ കൊലവിളി പ്രസംഗം; എസ്എഫ്ഐ സംസ്ഥാന നേതാവ് ഉൾപ്പെടെ 50 പേർക്കെതിരെ ജാമ്യമില്ലാ കേസ്

പാലക്കാട്: പോലീസുകാർക്കെതിരെ പരസ്യമായി കൊലവിളി പ്രസംഗം നടത്തിയ സംഭവത്തിൽ എസ്എഫ്ഐ (SFI) നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. വിപിൻ, പ്രവർത്തകരായ ഷാദുൽ, അഭിഷേക് എന്നിവർക്കും കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയുമാണ് പാലക്കാട് നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പരീക്ഷാ ക്രമക്കേടിനെതിരെ എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടയിലായിരുന്നു വിപിന്റെ വിവാദ പ്രസംഗം. വോട്ടെണ്ണൽ ദിവസം യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസ് ലാത്തിവീശിയ കാര്യം പരാമർശിച്ചുകൊണ്ടായിരുന്നു പോലീസുകാരന്റെ പേരെടുത്ത് പറഞ്ഞുള്ള പരസ്യ ഭീഷണി.

“ഞങ്ങളെ തല്ലിയവർക്കെതിരെ ഞങ്ങൾക്ക് നല്ല നിശ്ചയദാർഢ്യമുണ്ട്. ഞങ്ങളുടെ മാത്രമല്ല, പോലീസുകാരന്റെയും ശരീരത്തിൽ നിന്ന് ചോര ചിന്തും. എല്ലാവരെയും ഞങ്ങൾ നോക്കിവെച്ചിട്ടുണ്ട്. കിട്ടിയതെല്ലാം തിരിച്ചു കൊടുക്കാത്ത ചരിത്രം ഈ വിദ്യാർത്ഥി പ്രസ്ഥാനത്തിനില്ല. ഞങ്ങളെ അടിച്ചാൽ ഞങ്ങളുടെ ഭീകരതയ്ക്ക് അറുതിയുണ്ടാകില്ല.”

പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പരസ്യമായി ഭീഷണിപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അക്രമത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പാലക്കാട് നോർത്ത് പോലീസ് അറിയിച്ചു.