Banner Ads

ഇനി ശബ്ദമല്ല, വർണ്ണം മതി; വെടിക്കെട്ട് രീതി മാറ്റാൻ സർക്കാർ, മുണ്ടത്തിക്കോട് അന്വേഷണം ഊർജ്ജിതം

തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വെടിക്കെട്ട് രീതികളിൽ സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. വെടിക്കെട്ട് അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒളിമ്പിക്‌സ് മാതൃകയിൽ ശബ്ദം കുറഞ്ഞതും വർണ്ണാഭമായതുമായ രീതികൾ അവലംബിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിക്കുമെന്നും വാസവൻ പറഞ്ഞു.

അപകടം നടന്ന പുരയിൽ അമിത അളവിൽ വെടിമരുന്ന് ഉണ്ടായിരുന്നോ എന്ന് വിശദമായി അന്വേഷിക്കും. ശബ്ദത്തേക്കാൾ വർണ്ണത്തിന് മുൻഗണന നൽകുന്ന രീതിയിലേക്ക് വെടിക്കെട്ടുകൾ മാറേണ്ടതുണ്ട്. ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് തന്നെ ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പരിഗണന. ദുരന്തസ്ഥലത്തുനിന്ന് 29 മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്.

ആദ്യം 10 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിരുന്നു, ഇന്നലെ ഒരാളെ കൂടി തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരുടെ കാര്യത്തിൽ വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന നടക്കുകയാണ്. സംഭവസമയത്ത് 38 പേരാണ് ഉണ്ടായിരുന്നത്. എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ചുള്ള രേഖകൾ എല്ലാം നഷ്ടമായി.

നാല് പേരെക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭിക്കാനുണ്ട്. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ചെറിയ പരിക്കുകൾ ഉണ്ടായിരുന്നവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.