
കൊച്ചി : ദേശീയപാത 66ലെ നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. പാതയുടെ നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ എംപി ടിഎൻ പ്രതാപനും പൊതുപ്രവർത്തകൻ പികെ അനിൽകുമാറും സമർപ്പിച്ച ഹർജിയിലാണ് നടപടി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി നിർദേശം നൽകി. ഹർജി നവംബർ നാലിന് വീണ്ടും പരിഗണിക്കും.
ആകെ 60 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ തടസ്സമില്ലാതെ സഞ്ചരിക്കാവുന്ന 51 കിലോമീറ്ററിന് ആനുപാതികമായാണ് ടോൾ ഈടാക്കുന്നതെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. രണ്ട് വയഡക്ടുകളുടെയും ഒരു ഫ്ലൈ ഓവറിന്റെയും നിർമാണം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്.
നിർമാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ ടോൾ പിരിവ് ആരംഭിക്കണമെന്നാണ് ചട്ടമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.