
പത്തനംതിട്ട : ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ശേഷം റദ്ദാക്കുന്ന സ്ലോട്ടുകൾ 8 മണിക്കൂറിന് ശേഷം മാത്രമേ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാകൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത ശേഷം റദ്ദാക്കി മറ്റുള്ളവർക്ക് നൽകുന്ന തരത്തിലുള്ള ആസൂത്രിത തട്ടിപ്പുകൾ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരാഴ്ച പിന്നിട്ട മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം പൂർണ്ണ സംതൃപ്തി നൽകുന്നതാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവ വഴി മാത്രമായി പ്രവേശനം ക്രമീകരിച്ചത് തിരക്ക് നിയന്ത്രിക്കാനും അച്ചടക്കം കൊണ്ടുവരാനും സഹായിച്ചു. അയ്യപ്പനെ കാണാൻ എത്തുന്ന ഒരു ഭക്തനെയും മടക്കി അയക്കില്ലെന്നും ഏതെങ്കിലും രീതിയിലുള്ള ബുക്കിങ് ഉണ്ടായാൽ മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പോട്ട് ബുക്കിങ് നേരത്തെ 5000 എണ്ണം വർധിപ്പിച്ചിരുന്നു. ആവശ്യമെങ്കിൽ 5000 എണ്ണം കൂടി വർധിപ്പിക്കുമെങ്കിലും നിലവിൽ അതിന്റെ സാഹചര്യമില്ല. തീർത്ഥാടകരുടെ എണ്ണം ക്രമാനുഗതമായി വർധിക്കുന്നുണ്ട്. നവംബർ 23ന് 75000 പേരും നവംബർ 24ന് 80000 പേരും ദർശനത്തിനെത്തി.
ഭക്തരുടെ എണ്ണം കൂടിയിട്ടും പോലീസിന്റെയും എഡിഎമ്മിന്റെയും വിവിധ വകുപ്പുകളുടെയും കൃത്യമായ ഏകോപനം മൂലം സന്നിധാനത്ത് തിരക്കിന്റെ തീവ്രത അനുഭവപ്പെടുന്നില്ല. പണമിടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ ആക്കിയതിലൂടെ വരുമാന ചോർച്ച തടയാനായി. ഇത് മൊത്തം വരുമാനത്തിൽ വർധനവുണ്ടാക്കും.
സന്നിധാനത്തും പരിസരത്തും വൃത്തിയുള്ള അന്തരീക്ഷം നിലനിർത്താൻ സാധിച്ചതും നേട്ടമാണ്. നിലയ്ക്കലിൽ ഒരേസമയം 12000 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാനുള്ള സൗകര്യം ക്രമീകരിച്ചു. തീർത്ഥാടകർക്ക് പാർക്കിങ് കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനായി കെഎസ്ആർടിസി സർക്കുലർ സർവീസുകളുടെ എണ്ണം വർധിപ്പിക്കും.
പമ്പയാറ്റിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന രീതി ബോധവൽക്കരണത്തിലൂടെ വലിയ തോതിൽ കുറയ്ക്കാനായി. സീസൺ ആരംഭിച്ച വേളയിൽ ആസൂത്രിതമായി തീർത്ഥാടകരുടെ എണ്ണം കുറയ്ക്കാൻ ശ്രമം നടന്നിട്ടുണ്ടോ എന്ന് സൈബർ ഫോറൻസിക് വിഭാഗം പരിശോധിക്കുന്നുണ്ട്. ഇതുവരെ അത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
അപ്പാച്ചിമേട്ടിൽ കാർഡിയാക് കേന്ദ്രത്തിന് സമീപം കാടുമൂടി കിടന്നിരുന്ന സ്ഥലം നവീകരിച്ച് മനോഹരമായ തീർത്ഥാടക വിശ്രമകേന്ദ്രമാക്കി മാറ്റി. ഫോട്ടോ എടുക്കാൻ പാകത്തിൽ സുന്ദരമാക്കിയ ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഒരാഴ്ചയ്ക്കുള്ളിൽ നടക്കും. സന്നിധാനത്ത് അപ്പം, അരവണ എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും കെ ജയകുമാർ അറിയിച്ചു.