
കോട്ടയം : സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരണം. പത്തനംതിട്ട സ്വദേശിനിയായ കളർനിൽക്കുന്നതിൽ കൃഷ്ണമ്മ(65)യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്.
ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് പേവിഷബാധ മൂലമുള്ള മരണസംഖ്യ വർധിക്കുന്നതിനിടെയാണ് പുതിയ മരണം.
ഈ വർഷം ജൂലൈ വരെ ഏഴ് മാസത്തിനുള്ളിൽ കേരളത്തിൽ 23 പേർ പേവിഷബാധ മൂലം മരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പേവിഷബാധ മൂലമുള്ള മരണങ്ങളിൽ വലിയ വർധനവുണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.