
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ വായ്പാ ആപ്പുകളുടെ ഭീഷണിയുമുണ്ടായിരുന്നതായി പോലീസ്. ജാതി അധിക്ഷേപത്തിന് പുറമെ ലോൺ ആപ്പ് സംഘം അധ്യാപികയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും പരാതി നൽകാനുള്ള കോളേജ് അധികൃതരുടെ നീക്കവും നിതിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് അന്വേഷണസംഘം കണ്ടെത്തി.
14000 രൂപയാണ് നിതിൻ ഇൻസ്റ്റഗ്രാം വഴി വായ്പയെടുത്തത്. 13500 രൂപ മാത്രമാണ് ലഭിച്ചത്. ഒരു മാസത്തിനുള്ളിൽ 18000 രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു വായ്പകാരുടെ ആവശ്യം. ലോൺ ആപ്പ് സംഘം നിതിന്റെ അധ്യാപികയായ ലതയെ നിരന്തരം വിളിച്ച് ശല്യം ചെയ്തു. ഇത് നിതിനെ വല്ലാതെ വിഷമിപ്പിച്ചു. ഈ മാസം 9ന് മാത്രം നിതിന്റെ ഫോണിലേക്ക് 98 കോളുകളും സന്ദേശങ്ങളുമാണ് എത്തിയത്.
അടുത്ത ദിവസം അധ്യാപിക പ്രിൻസിപ്പലിന് പരാതി നൽകി. പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ നിതിൻ ലോൺ ആപ്പുകാരെ വിളിച്ച് അധ്യാപികയെ ഒഴിവാക്കാൻ അപേക്ഷിച്ചു. എന്നാൽ അവർ വഴങ്ങിയില്ല. തുടർന്ന് പോലീസ് പരാതി നൽകാനായി ഫോൺ മേശപ്പുറത്ത് വെച്ച് പോകാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. മരിച്ച ദിവസം ഉച്ചയ്ക്ക് 1.17ന് നിതിൻ കരഞ്ഞുകൊണ്ട് കോളേജിൽ നിന്ന് പുറത്തേക്ക് പോയതായി മൊഴിയുണ്ട്.