Banner Ads

നിതിൻ രാജിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; പ്രതിപക്ഷ നേതാവിന്റെ ആദ്യഘട്ട ധനസഹായം ഇന്ന് കൈമാറും

തിരുവനന്തപുരം : അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച ധനസഹായം ഇന്ന് കൈമാറും. നിതിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന ഉറപ്പിന്റെ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കൈമാറുമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

മുൻമന്ത്രിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ വിഎസ് ശിവകുമാർ ഇന്ന് നിതിന്റെ വീട്ടിലെത്തി തുക കൈമാറും. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന മുറയ്ക്ക് രണ്ടാം ഘട്ട തുകയും നൽകാനാണ് തീരുമാനം. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും അധ്യാപകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ സംഗീത എന്നിവരെ കോളേജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ മാനസിക പീഡനവും അധിക്ഷേപവുമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.