
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.
തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെ കിലോമീറ്ററുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഹർത്താൽ അനുകൂലികൾ ദേശീയപാത ഉപരോധിച്ചതോടെ വാഹനങ്ങൾ പാതിവഴിയിൽ കുടുങ്ങി.വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥികൾ കുരുക്കിൽപ്പെട്ടത് വലിയ ആശങ്കയുണ്ടാക്കി. കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തിയില്ലെങ്കിൽ ഓൺലൈൻ പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
രോഗികളുമായി ആശുപത്രികളിലേക്ക് പോയ വാഹനങ്ങളും മണിക്കൂറുകളോളം റോഡിൽ കുടുങ്ങി.കണിയാപുരം റോഡിൽ നിന്ന് പ്രതിഷേധക്കാരെ മാറ്റാനുള്ള ശ്രമത്തിനിടെ പോലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഒന്നര മണിക്കൂറോളം തടഞ്ഞിട്ട വാഹനങ്ങൾ പോലീസ് ഇടപെട്ടാണ് ഭാഗികമായി കടത്തിവിട്ടത്. നിലവിൽ സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും ബസുകൾ തടയുന്നത് തുടരുകയാണ്.
ബസ് തടയാൻ ശ്രമിച്ച ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.സംസ്ഥാനത്തെ മറ്റ് പല ഭാഗങ്ങളിലും സമാനമായ രീതിയിൽ വാഹനങ്ങൾ തടയുന്ന സാഹചര്യമുണ്ടായി. നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിഷേധക്കാർ.