
കൊല്ലം: ജില്ലയിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നതിനിടെ പത്തുവയസ്സുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി–കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്.ഇന്നലെ പകൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ദേവനന്ദിന് സൂര്യാതപമേറ്റത്.
കുട്ടിയുടെ കൈകൾ, തോൾ, താടി എന്നിവിടങ്ങളിൽ പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ തോളിന്റെ ഭാഗത്താണ് പൊള്ളൽ കൂടുതൽ ഗുരുതരം. ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
കൊല്ലം ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില ക്രമാതീതമായി ഉയരുകയാണ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും, പ്രത്യേകിച്ച് കുട്ടികളെയും പ്രായമായവരെയും ഉച്ചസമയങ്ങളിൽ വെയിലത്ത് വിടരുതെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.