Banner Ads

ഖത്തറിൽ ആക്രമണം നടത്താൻ മടിക്കില്ല; മുന്നറിയിപ്പുമായി നെതന്യാഹു

ടെൽഅവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിനെതിരെ വീണ്ടും ഭീഷണി മുഴക്കി. ഹമാസ് നേതാക്കളെ രാജ്യത്ത് നിന്ന് പുറത്താക്കിയില്ലെങ്കിൽ ഖത്തറിൽ വീണ്ടും ആക്രമണം നടത്തുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. “തീവ്രവാദികളെ സംരക്ഷിക്കുന്ന ഖത്തറിനോടും മറ്റ് രാജ്യങ്ങളോടും ഞാൻ പറയുന്നു, ഒന്നുകിൽ നിങ്ങൾ അവരെ പുറത്താക്കുക, അല്ലെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക.

നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും,” നെതന്യാഹു പറഞ്ഞു.വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെ ഹമാസ് പ്രതിനിധികളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ നടത്തിയ ആക്രമണത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഈ പ്രതിഷേധങ്ങൾക്കിടയിലാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.

അതേസമയം, നെതന്യാഹുവിന്റെ പ്രസ്താവനയെ ഖത്തർ അപലപിച്ചു. ഖത്തറിന്റെ പരമാധികാരം ലംഘിക്കുമെന്ന ഭീഷണിയെയും ഭീരുത്വം നിറഞ്ഞ ആക്രമണത്തെയും ന്യായീകരിക്കാനുള്ള ലജ്ജാകരമായ ശ്രമമാണ് നെതന്യാഹുവിന്റേതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.