
കാഠ്മണ്ഡു : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 600 കവിഞ്ഞു. കാണാതായവരുടെ എണ്ണം 1924 ആയി. ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 993 പേരെയും 500ഓളം വിദേശ പൗരന്മാരെയുമാണ് കണ്ടെത്താനുള്ളത്. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
320 ഇന്ത്യക്കാരെയും വിദേശ പൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരെയും കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. കാണാതായവരിൽ 8 മലയാളികളും ഉൾപ്പെടുന്നു. ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായി. ആദ്യഘട്ടത്തിൽ രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ 21 പേരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
പ്രളയത്തിൽ തകർന്ന തുരങ്കങ്ങളിലും ജലവൈദ്യുത നിലയങ്ങളിലും തിരച്ചിൽ നടത്താൻ ഇന്ത്യയിൽ നിന്നുള്ള പ്രത്യേക വിദഗ്ധ സംഘം നേപ്പാളിലെത്തി. ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ കുടുങ്ങിയ 63 പേരെ രക്ഷപ്പെടുത്തി. ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 96 പേർ സുരക്ഷിതരായി നേപ്പാളിലേക്ക് കടന്നു.
ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ടിബറ്റിൽ നിന്ന് നേപ്പാളിലെത്തിയ 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ ഭൂരിഭാഗവും.
നിലവിൽ എത്ര ഇന്ത്യക്കാർ പ്രളയത്തിൽ മരിച്ചെന്ന കാര്യത്തിൽ കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ലെന്നും രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.