
ഉത്തർപ്രദേശ്: റോഡപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയയാൾ രക്തം വാർന്ന് മരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ ചികിത്സ നൽകാതെ ഉറങ്ങിയതാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. മീററ്റിലെ ലാലാ ലളത് റായ് മെമ്മോറിയൽ (എൽഎൽആർഎം) മെഡിക്കൽ കോളേജിലാണ് സംഭവം.
തിങ്കളാഴ്ച വൈകുന്നേരമാണ് സുനിൽ എന്നയാൾക്ക് റോഡപകടത്തിൽ പരുക്കേൽക്കുകയും തുടർന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുമ്പോൾ സുനിലിന് ശക്തമായ രക്തസ്രാവമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. സ്ട്രെച്ചറിൽ കിടന്ന് വേദനയും രക്തസ്രാവവും കൊണ്ട് സുനിൽ വളരെ നേരം കരയുകയായിരുന്നുവെന്നും, എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർമാരായ ഭൂപേഷ് കുമാർ റായ്, അനികേത് എന്നിവർ ഉറങ്ങുകയായിരുന്നുവെന്നും സുനിലിന്റെ കുടുംബം ആരോപിച്ചു.
ഇതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ ഒരു ഡോക്ടർ മേശപ്പുറത്ത് കാൽ നീട്ടി എസിയുടെ മുന്നിൽ ഉറങ്ങുന്നതും, അപകടത്തിൽപ്പെട്ട സുനിൽ അടുത്തുള്ള കിടക്കയിൽ കിടന്ന് രക്തം വാർന്ന് പോകുന്നത് കാണാം. ഒരു സ്ത്രീ കുട്ടിയുമായി ഡോക്ടറെ ഉണർത്താൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഇന്ന് രാവിലെ 7 മണിയോടെയാണ് സുനിൽ മരണപ്പെട്ടത്. ചികിത്സ വൈകിയതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവം നടക്കുമ്പോൾ ഡ്യൂട്ടി ഇൻ ചാർജ് ഡോ. ശശാങ്ക് ജിൻഡാൽ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ നിലവിൽ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും, വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എൽഎൽആർഎം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.സി. ഗുപ്ത അറിയിച്ചു.