Banner Ads

കാത്തിരിപ്പിന്റെയും പ്രണയത്തിന്റെയും ഭാവത്തിൽ നീലക്കുറിഞ്ഞി…

പച്ചപ്പുതപ്പിട്ട പശ്ചിമഘട്ട മലനിരകൾക്ക് മീതെ ആകാശം ഇറങ്ങിവന്നു നീലച്ചായം പൂശിയതുപോലെ ഒരു കാഴ്ച അതാണ് നീലക്കുറിഞ്ഞിയുടെ പൂക്കാലം……പന്ത്രണ്ട് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പ്രകൃതി തനിക്കിഷ്ടപ്പെട്ട സുന്ദരമായൊരു കവിത രചിക്കുകയാണ്……മഴയുടെ തണുപ്പും കോടമഞ്ഞും മാറി പ്രകൃതി പതുക്കെ ഉണരുന്ന ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് കുറിഞ്ഞിയുടെ പൂക്കാലം. പന്ത്രണ്ട് വർഷം മണ്ണത്തിനടിയിൽ ഉറങ്ങിക്കിടക്കുന്ന വിത്തുകൾക്ക് ആവശ്യമായ ജീവനും കാലാവസ്ഥയും അനുകൂലമാകുന്നത് ഈ വർഷകാലത്തിന്റെ അവസാനത്തോടെയാണ്.

ഇവ ഒരേസമയം കൂട്ടമായി പൂക്കുകയും , വിത്തുപാകി ആ ചെടികൾ തന്നെ ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്നു. അടുത്ത തലമുറയ്ക്ക് ജീവൻ നൽകാനായി സ്വയം കരിഞ്ഞു വീഴുന്ന ഈ അപൂർവ്വ പ്രതിഭാസം പ്രകൃതിയുടെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ്……ആദിമകാലം തൊട്ടേ പശ്ചിമഘട്ടത്തിന്റെ തദ്ദേശീയ അവകാശിയാണ് നീലക്കുറിഞ്ഞി. ‘നീല’ നിറത്തിലുള്ള പൂവെന്നും, പണ്ടത്തെ തമിഴ്,മലയാള നാടുകളിൽ മലനിരകളെയും അവിടത്തെ ഭൂപ്രകൃതിയെയും സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ‘കുറിഞ്ഞി’ എന്ന വാക്കും ചേർന്നാണ് ഈ പേരുണ്ടായത്………..

കാലം കാത്തുവെച്ച ഈ നീല വസന്തം കാണാൻ എത്തുന്ന സഞ്ചാരികളുടെ മനസ്സ് കീഴടക്കി, കോടമഞ്ഞിൽ കുളിച്ച് നീലക്കുറിഞ്ഞി മലനിരകളിൽ തലയുയർത്തി നിൽക്കുകയാണിപ്പോൾ. പ്രണയവും ഏകാന്തതയും നിറഞ്ഞ ഈ മലയോര യാത്ര ഏതൊരു സഞ്ചാരിയുടെയും ഹൃദയത്തിൽ എന്നെന്നേക്കുമായി പച്ചപിടിച്ചുനിൽക്കും…സംഘകാല സാഹിത്യ കൃതികളിൽ പോലും പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പ്രതീകമായി കുറിഞ്ഞൂപ്പൂക്കൾ വർണ്ണിക്കപ്പെട്ടിട്ടുണ്ട്……..

 

 

സിന്ധു രാജീവ്