Banner Ads

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; 19-കാരനായ പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കോളേജ് വിദ്യാർഥികളുടെ ദാരുണ അന്ത്യത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈൽ സജീവിന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രി എം. ബി. രാജേഷ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.കേരളത്തിലെ നിയമപ്രകാരം മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്. എന്നാൽ 19 വയസ്സുകാരനായ പ്രതി സുഹൈൽ സജീവിന് ചട്ടങ്ങൾ ലംഘിച്ച് മദ്യം വിളമ്പിയ പശ്ചാത്തലത്തിലാണ് നടപടി. പ്രതിക്ക് മദ്യം നൽകിയ ബാറുകൾ അടിയന്തരമായി കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് നിർദേശം.

അപകടം നടക്കുന്നതിന് തൊട്ടുമുൻപുള്ള ശനിയാഴ്ച രാത്രി മുതൽ പ്രതി മൂന്ന് വ്യത്യസ്ത ബാറുകളിൽ നിന്ന് മദ്യപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പൊലീസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലിൽ താൻ ഒരു ബിയർ മാത്രമാണ് കഴിച്ചതെന്നാണ് പ്രതി മൊഴി നൽകിയിരുന്നത്. എന്നാൽ പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ, മൂന്ന് ബാറുകളിൽ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ സുഹൈൽ തന്നെ ഫോണിൽ പകർത്തിയത് കണ്ടെടുക്കുകയായിരുന്നു. ഇതോടെ പ്രതിയുടെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞു.

ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കൊച്ചിയിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തുവന്നിരുന്ന ഗോപിക, ദേവിക, ഇയാസ് എന്നീ മൂന്ന് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് സുഹൈൽ സജീവ് അമിതവേഗതയിൽ ഓടിച്ച മിനി കൂപ്പർ കാർ ഇടിച്ചുകയറുകയായിരുന്നു. അപകടസ്ഥലത്തുതന്നെ മൂവരും ദാരുണമായി കൊല്ലപ്പെട്ടു.