Banner Ads

ഗുരുവായൂരിൽ വീണ്ടും ദർശനം നടത്തി മുഖ്യമന്ത്രി; വി.ഐ.പി പരിഗണനകൾ ഒഴിവാക്കി സാധാരണക്കാരനായി തൊഴുതുമടങ്ങി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ദർശനം നടത്തി മുഖ്യമന്ത്രി. പ്രത്യേക പരിഗണനകൾ ഒഴിവാക്കിയാണ് അദ്ദേഹം ദർശനം പൂർത്തിയാക്കി മടങ്ങിയത്. വരും പ്രോഗ്രാമുകളുടെ തിരക്കുകൾ കണക്കിലെടുത്ത് വേഗത്തിലായിരുന്നു ദർശന ചടങ്ങുകൾ പൂർത്തിയാക്കിയത്.ദർശനത്തിനായുള്ള ടിക്കറ്റുകൾക്കായി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മുൻ ദേവസ്വം ജീവനക്കാരനുമായ ടി.കെ. ഗോപാലകൃഷ്ണൻ എന്ന തന്റെ ചിരകാല സുഹൃത്തിനെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

നെയ്‌വിളക്കിനായി 4,000 രൂപയുടെ രശീതി അടച്ചു. ഗൺമാൻ ഉൾപ്പെടെ 4 പേർ മാത്രമാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. ഗുരുവായൂരപ്പന്റെ പാലഭിഷേക സമയത്തായിരുന്നു മുഖ്യമന്ത്രിയുടെ ദർശനം. കദളിക്കുലയും നെയ്യും സോപാനത്തിൽ സമർപ്പിച്ച ശേഷം, ഇടത്തരികത്ത്ക്കാവ് ഭഗവതി, ഉപദേവനായ അയ്യപ്പൻ, കാര്യാലയ ഗണപതി എന്നിവരെയും തൊഴുതു. തുടർന്ന് 68 കിലോ പഞ്ചസാര ഉപയോഗിച്ച് തുലാഭാരം നടത്തി. ഇതിനായി 2,800 രൂപ ദേവസ്വത്തിൽ അടച്ചിട്ടുണ്ട്. ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ മുഖ്യമന്ത്രിയെ അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ സ്വീകരിച്ചു.

സാധാരണ പോലെ ഗെസ്റ്റ് ഹൗസിൽ നിന്ന് നടന്നുനീങ്ങിയാണ് അദ്ദേഹം ദർശനത്തിനെത്തിയത്. ക്ഷേത്രകവാടത്തിന് മുന്നിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ അദ്ദേഹത്തെ സ്വീകരിച്ചു. ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ സെൽഫിയെടുക്കാൻ ഭക്തർ തിരക്ക് കൂട്ടിയെങ്കിലും ആരെയും നിരാശപ്പെടുത്താതെയാണ് മുഖ്യമന്ത്രി മടങ്ങിയത്.