
കോട്ടയം : ഏറ്റുമാനൂർ കിഴക്കുംഭാഗം മന്നത്തൂർ കോളനിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പള്ളി ചക്കാമ്പുഴ കരോട്ടു കാവാലംകുഴിയിൽ വീട്ടിൽ നിഖിൽ കെ. ജി. (33) ആണ് ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബർ 24-ന് വൈകുന്നേരം 7:30-നാണ് സംഭവം.
വീടിന്റെ ഹാളിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ നിഖിലിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യയും പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളം പള്ളിമുക്കിൽ വെച്ച് കഴിഞ്ഞ ദിവസം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.