പാലക്കാട്:കെ.എസ്.ആർ.ടി.സി സ്റ്റാന്റ് സമീപം ലഹരി ഇടപാടിന് ശ്രമിക്കവേ രണ്ട് യുവാക്കൾ പിടിയിൽ,പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് അലവി എന്നിവരിൽ നിന്നും 600 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു. ഏജന്റ് മുഖേന ഒമാനിൽ നിന്നാണ് ഗ്രാമിന് 15,000 രൂപയോളം വിലവരുന്ന രാസലഹരിയെത്തിച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി.
ചെന്നൈയിൽ വിവാമനമിറങ്ങി കോയമ്പത്തൂ൪ വരെ സ്വകാര്യ ബസിലും അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിലുമെത്തി. പട്ടാമ്പി, മലപ്പുറം ജില്ലയുടെ അതി൪ത്തികളിലും ചില്ലറ വിൽപന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. അതേസമയം ഒമാനിൽ നിന്നും അഞ്ച് കിലോയിലധികം എംഡിഎംഎയാണ് കൊണ്ടുവന്നതെന്നും തങ്ങളുടെ പങ്കെടുത്ത ശേഷം ബാക്കി ചെന്നൈയിലെ മലയാളി ഏജന്റിന് കൈമാറിയെന്നും പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം ചെന്നൈയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.അതേ സമയം പാലക്കാട് ജില്ലയിൽ ഇന്ന് മാത്രം രണ്ടിടങ്ങളിൽ നിന്നായി അരക്കോടിയിലേറെ വില വരുന്ന വൻ എം.ഡി.എം.എ ശേഖരമാണ് പിടികൂടിയത്. നഗരത്തിൽ നിന്നും വാളയാറിൽ നിന്നുമായി ഒന്നര കിലോയോളം രാസലഹരിയാണ് എക്സൈസും പൊലീസും പിടികൂടിയത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ജില്ലയിൽ വൻ ലഹരിവേട്ട നടന്നത്.