
തിരുവനന്തപുരം : കലാ കൂട്ടായ്മയായ സൂര്യയുടെ സ്ഥാപകനും അമരക്കാരനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ അതിയായ ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തി നടി നവ്യ നായർ. കുറച്ചു ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിവരങ്ങൾ അറിയാൻ ദിവസവും വിളിക്കാറുണ്ടായിരുന്നുവെന്ന് നവ്യ പറഞ്ഞു.
മൂന്ന് ദിവസം മുൻപ് ഐസിയുവിൽ വെച്ച് പ്രദീപേട്ടൻ ഞാൻ വിളിക്കുന്ന കാര്യം പറഞ്ഞപ്പോൾ സാർ ഫോണെടുത്ത് നവ്യ എന്ന് ക്ലിയറല്ലാതെ വിളിച്ചു സംസാരിച്ചു. അതാണ് അദ്ദേഹത്തെ അവസാനമായി കേട്ടത്. സൂര്യയുടെ പ്രോഗ്രാമുകൾ എന്നും കൃത്യം 6.30ന് തന്നെ ആരംഭിക്കണമെന്ന് സാറിന് വലിയ നിർബന്ധമായിരുന്നു. മെഡിക്കൽ റിപ്പോർട്ട് പ്രകാരം രാവിലെ 6.45നാണ് സാർ നമ്മെ വിട്ടുപിരിഞ്ഞത്.
തന്റെ ആ വലിയ അച്ചടക്കത്തോടെ തന്നെയാണ് ആ സമയത്തുതന്നെ അദ്ദേഹം യാത്രയായത്. തന്റെ നൃത്തത്തിലെ ഉപരിപഠനത്തിന് ഗുരു പ്രിയദർശിനി ഗോവിന്ദിന്റെ അടുത്തേക്ക് വഴി കാണിച്ചത് സൂര്യ കൃഷ്ണമൂർത്തിയാണെന്നും അദ്ദേഹം എന്റെയും ഗുരുവാണെന്ന് അഭിമാനത്തോടെ പറയാനാകുമെന്നും നവ്യ പറഞ്ഞു. അദ്ദേഹത്തിന്റെ കലാപ്രവർത്തനങ്ങൾ ഒരിയ്ക്കലും നിലയ്ക്കരുത്.
സർക്കാർ ഇടപെട്ട് സൂര്യ ഫെസ്റ്റിവലിന്റെയും അദ്ദേഹത്തിന്റെ ലെഗസിയുടെയും തുടർച്ച ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനായി ഒരു കലാകാരിയെന്ന നിലയിൽ താൻ ഒപ്പമുണ്ടാകുമെന്നും നവ്യ ഉറപ്പുനൽകി.