
പത്തനംതിട്ട : ശബരിമലയിൽ നിന്ന് 55.72 പവന്റെ സ്വർണക്കിരീടം കാണാതായെന്ന വാർത്തകളിൽ തിരുത്തലുമായി ദേവസ്വം ബോർഡ്. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ൽ നടയ്ക്കുവെച്ച സ്വർണക്കിരീടം സുരക്ഷിതമായിട്ടുണ്ടെന്ന് തിരുവാഭരണം കമ്മീഷണർ ദേവസ്വം ബോർഡിന് വിശദീകരണം നൽകി.
ആറന്മുളയിലെ സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടമാണോ എന്ന തരത്തിലുള്ള സംശയങ്ങളും പ്രചാരണങ്ങളും ശക്തമായിരുന്നു. എന്നാൽ കിരീടം നഷ്ടമായിട്ടില്ലെന്നും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു. അതേസമയം ഭക്തർ സമർപ്പിച്ച മറ്റ് ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയങ്ങൾ നിലനിൽക്കുന്നതിനാൽ അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിലുള്ള കണക്കെടുപ്പും പരിശോധനയും തുടരുകയാണ്.
ഈ പരിശോധനകൾ പൂർത്തിയാക്കി റിപ്പോർട്ട് ഉടൻ തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും. ചട്ടപ്രകാരം ശബരിമല സന്നിധാനത്ത് ലഭിക്കുന്ന വിലപിടിപ്പുള്ള കാണിക്കകൾ അവിടെ താൽക്കാലികമായി സൂക്ഷിച്ച ശേഷം ആറന്മുളയിലെ ദേവസ്വം സ്ട്രോങ് റൂമിലേക്ക് മാറ്റാറാണ് പതിവ്.