Banner Ads

തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘നവകേരള ക്ഷേമ സർവ്വെ’; 80 ലക്ഷം വീടുകളിൽ വിവരശേഖരണം

തിരുവനന്തപുരം: രണ്ടാമൂഴത്തിന് ശേഷം തുടർച്ചയായ മൂന്നാം ഭരണമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പിണറായി സർക്കാർ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ‘നവകേരള ക്ഷേമ സർവ്വെ’യുമായി രംഗത്ത്. സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിൽ നേരിട്ടെത്തി ജനഹിതം അറിയുന്ന വിപുലമായ പദ്ധതിക്കാണ് തുടക്കമിടുന്നത്.

സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നിർവ്വഹിക്കുക. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം അടക്കമുള്ള ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.ക്ഷേമ പദ്ധതി വിലയിരുത്തൽ സർക്കാർ നിലവിൽ നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെ സ്വാധീനവും ഗുണഭോക്താക്കളുടെ അഭിപ്രായവും ശേഖരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

അഭിപ്രായ രൂപീകരണം ഇനി സർക്കാർ മുൻകൈയ്യെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അഭിപ്രായ രൂപീകരണം നടത്തും. ഇത് ഇടതുമുന്നണിയുടെ അടുത്ത പ്രകടന പത്രികയിൽ പ്രതിഫലിക്കും.സാക്ഷരതാ സർവ്വെ മാതൃകയിൽ കോളേജ് വിദ്യാർത്ഥികളെ രംഗത്തിറക്കിയാണ് വീടുവീടാന്തരം വിവര ശേഖരണം നടത്താൻ ഉദ്ദേശിക്കുന്നത്. സി.എം. വിത്ത് മി ഉൾപ്പെടെയുള്ള പി.ആർ. സംവിധാനങ്ങൾക്ക് പുറമെയാണ് ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന ഈ സർവ്വെ.

ക്ഷേമ സർവ്വേയുടെ നടത്തിപ്പ് ചെലവ് ഏത് വകുപ്പാണ് വഹിക്കുക എന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ മനസ്സ് അറിയാനുമുള്ള രാഷ്ട്രീയ നീക്കമായാണ് ഈ സർവ്വെ വിലയിരുത്തപ്പെടുന്നത്.