
എരുമേലി: എരുമേലിയിലെ കൊറിയർ ഓഫീസിൽ പാഴ്സലായി എത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന 310 കുപ്പി നിരോധിത ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്നുകളുടെ ഗണത്തിൽപ്പെടുന്ന ‘മെഫെന്റർമൈൻ സൾഫേറ്റ് ഇഞ്ചക്ഷൻ’ ആണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് (DANSAF) സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്.
റോഡ് മാർഗമുള്ള വാഹന പരിശോധനകൾ പോലീസ് ശക്തമാക്കിയതോടെ, അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് കൊറിയർ സർവീസുകൾ വഴി ലഹരിവസ്തുക്കൾ എത്തിക്കാനുള്ള മാഫിയയുടെ പുതിയ നീക്കമാണിതെന്നാണ് പ്രാഥമിക നിഗമനം.ശബരിമല തീർത്ഥാടനകാലത്തെ തിരക്ക് മുതലെടുത്ത് വിതരണം ചെയ്യാനായി എത്തിച്ചതാണോ ഇതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
പാഴ്സൽ അയച്ച ഉറവിടത്തെയും ഇത് കൈപ്പറ്റാനെത്തേണ്ടവരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.പിടിച്ചെടുത്ത 310-ഓളം ബോട്ടിൽ മരുന്നുകൾ വിശദമായ പരിശോധനയ്ക്കും തുടർനടപടികൾക്കുമായി കോട്ടയം ഡ്രഗ് കൺട്രോൾ ബോർഡിന് കൈമാറി.