Banner Ads

അഴിമതിയിൽ പിണറായിയുടെ പാതയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്തുടരുന്നത്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പാതയാണ് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്തുടരുന്നതെന്ന് ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. അധികാരത്തിൽ വന്ന് ആറ് മാസം കൊണ്ട് തന്നെ സതീശൻ സർക്കാർ അഴിമതിയിൽ പേരെടുത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് വൈദ്യുതി കൊള്ള നടക്കുന്നതെന്നും പിണറായിയുടെ കേസുകളിൽ സതീശൻ ഒത്തുതീർപ്പ് ഉണ്ടാക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചു.ശബരിമല ഒരുക്കങ്ങളിൽ സർക്കാരിന് വൻ പാളിച്ചകളാണ് സംഭവിച്ചിരിക്കുന്നത്. സ്വർണ്ണക്കൊള്ള കേസ് പാതിവഴിയിൽ കിടക്കുകയാണെന്നും എസ്‌എഫ്‌ഐഒ (SFIO) കേസിൽ സർക്കാർ പിണറായിക്കും കുടുംബത്തിനും പിന്തുണ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.മസാല ബോണ്ട് വഴി 10,000 കോടി രൂപ കടമെടുത്ത് സർക്കാർ കേരളത്തിലെ ജനങ്ങളെ പണയം വെച്ചിരിക്കുകയാണ്.ബാലഗോകുലത്തിന്റെ മയിൽപീലി പരീക്ഷ നടത്താൻ അനുമതി നിഷേധിച്ച സർക്കാരിന്റെ നടപടിയെ സുരേന്ദ്രൻ ശക്തമായി വിമർശിച്ചു.

ബാലഗോകുലം വർഗീയ പ്രസ്ഥാനമാണോയെന്ന് ചോദിച്ച അദ്ദേഹം, ബാലഗോകുലത്തിന് പരീക്ഷ നടത്താൻ അനുമതിയില്ലെങ്കിൽ മറ്റാരും നടത്തേണ്ടതില്ലെന്നും പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. മറ്റു സംഘടനകൾക്ക് എല്ലാ അനുമതിയും നൽകുന്നുണ്ട്. സർക്കാർ ആദ്യം അനുമതി നൽകിയെങ്കിലും ജില്ലാതല പരീക്ഷകൾ നടക്കുന്നതിനിടെയാണ് അനീതിയുണ്ടായത്. ഒരുകാലത്തും വർഗീയത പ്രചരിപ്പിച്ചിട്ടില്ലാത്ത ബാലഗോകുലത്തിന് ഭ്രഷ്ട് കൽപ്പിക്കുകയാണ്.

എന്നാൽ ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം ലീഗിനും പരീക്ഷാ അനുമതി നൽകുന്നുണ്ടെന്നും രാജ്യദ്രോഹികൾക്കും ഭീകരവാദ സംഘടനകൾക്കും വേണ്ടി കുട്ടികളെ വേർതിരിച്ചു കാണുകയാണ് സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.സർവശിക്ഷ അഭിയാനിൽ അനധികൃതമായി നിയമനങ്ങൾ നടക്കുകയാണെന്നും മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആളുകളെ ജോലിയിൽ പ്രവേശിപ്പിക്കുകയാണെന്നും ആരോപിച്ച അദ്ദേഹം ഇക്കാര്യങ്ങളെല്ലാം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു.