
കൊച്ചി : നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന സിനിമാ ഡയലോഗ് ഓർമ്മിപ്പിച്ചു കൊണ്ട് ലഹരി മാഫിയയ്ക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാക്കനാട് രാജഗിരി സ്കൂളിൽ തൂഫാൻ വാരിയർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ലഹരി വ്യാപനം ഭീകരമാണെന്നും കുഞ്ഞുങ്ങളുടെ ജീവനും ജീവിതവും നശിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ ആരംഭിക്കുമ്പോൾ ലഹരി മാഫിയയുടെ വലക്കണ്ണികൾ ഭീകരമാണെന്ന് കരുതിയിരുന്നില്ലെന്നും അന്വേഷണത്തിലൂടെ യഥാർത്ഥ ചിത്രം പുറത്തുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരുമെന്നും സ്കൂൾ പരിസരങ്ങളിലെ ലഹരി വിൽപ്പന കർശനമായി തടയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വഴിയിൽ വെച്ച് അപരിചിതരായ ആരെങ്കിലും മിഠായിയോ മറ്റ് വസ്തുക്കളോ നൽകിയാൽ അത് വാങ്ങരുതെന്ന് കുട്ടികൾക്ക് മന്ത്രി മുന്നറിയിപ്പ് നൽകി.
മയക്കുമരുന്ന് ഉപയോഗിച്ചാൽ അമ്മയാരാണ്, പെങ്ങളാരാണ് എന്ന ചിന്ത പോലും ഇല്ലാതാകും. അതുകൊണ്ട് ലഹരികളിൽ നിന്ന് കുട്ടികൾ പൂർണ്ണമായും അകന്നുനിൽക്കണം. പുതിയ തലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ പോലീസിനെ രൂപപ്പെടുത്താനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത്.
പൊലീസുകാർ കുട്ടികളോട് ചങ്ങാതിമാരെപ്പോലെ ഇടപെടണമെന്നും മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തെ അതിഥി തൊഴിലാളികൾ എല്ലാവരും പ്രശ്നക്കാരല്ല. അവരുടെ സേവനം ചെറുതല്ലെന്നും അവരെ പൂർണ്ണമായി മാറ്റിനിർത്താനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം എറണാകുളത്ത് മദ്യപിച്ച് വണ്ടി ഓടിച്ച 29 സ്കൂൾ ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയതായി മന്ത്രി അറിയിച്ചു. കുട്ടികളുമായി പോകുന്ന സ്കൂൾ വാഹനങ്ങൾ മദ്യപിച്ച് ഓടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല.
നാളെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായി കൂടിക്കാഴ്ച നടത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കേരളം നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തമിഴ്നാടിന്റെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.