
തൃശ്ശൂർ: വാടാനപ്പള്ളി ഫസൽ നഗർ പടിഞ്ഞാറ് കടപ്പുറത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഇരുവരടക്കം മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി സ്വദേശി പണിക്ക വീട്ടിൽ മുഹമ്മദ് റാസിൽ (ബിലാൽ – 18), രണ്ട് പതിനേഴുകാർ എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ടുപേർ ഇനി പിടിയിലാകാനുണ്ട്.
വാടാനപ്പള്ളി സ്വദേശിയായ രായം മരക്കാർ വീട്ടിൽ അബ്ദുൾ സലാമിനെയാണ് (40) കഴിഞ്ഞ ബുധനാഴ്ച രാവിലെ കടപ്പുറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് അതിക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. വാരിയെല്ലുകളും കൈകാലുകളും തകർത്ത നിലയിലും ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു മൃതദേഹം.
സ്വകാര്യ തർക്കങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാത്രി അബ്ദുൾ സലാമുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ഡംബെല്ലും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ക്രൂരകൃത്യം പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ശേഷം ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കേസിലെ പ്രധാന പ്രതിയായ ബിൻഷാദ് 37-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ നടപടികൾ പൂർത്തിയാക്കി അടുത്തിടെ പുറത്തിറങ്ങിയ ആളുമാണ്. പ്രായപൂർത്തിയാകാത്തവരെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ഇയാളുടെ രീതി. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.