Banner Ads

84-കാരിയെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ മൊഴി ഞെട്ടിച്ചത് ഇങ്ങനെ

എറണാകുളം:കോടനാട് തോട്ടുവയിൽ 84കാരിയായ അന്നമ്മയെ തേങ്ങയെറിഞ്ഞ് വീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 24കാരനെ പോലീസ് പിടികൂടി. തേങ്ങയെറിഞ്ഞ് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് അറസ്റ്റിലായ 24-കാരനായ അദ്വൈത് ഷിബു പോലീസിന് മൊഴി നൽകി.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അദ്വൈതിനെ കർണാടകയിൽ നിന്നാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് തോട്ടുവയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂരിലെ അഭിഭാഷകൻ്റെ പറമ്പ് സൂക്ഷിപ്പുകാരിയായിരുന്നു അന്നമ്മ.

മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതിനാൽ ഇതൊരു കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അന്നമ്മയുടെ മരണശേഷം നാടുവിട്ടുപോയ അയൽവാസിയായ അദ്വൈതിലേക്ക് പൊലീസ് എത്തുന്നത്. തൻ്റെ അമ്മയെ അന്നമ്മ വഴക്ക് പറഞ്ഞതിലുള്ള വൈരാഗ്യവും സാമ്പത്തിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് അദ്വൈത് പോലീസിനോട് പറഞ്ഞു.

ദിവസങ്ങളോളം അന്നമ്മയെ നിരീക്ഷിച്ച ശേഷമാണ് ആക്രമണം നടത്തിയത്. സംഭവ ദിവസം അന്നമ്മയുടെ പിന്നിൽ നിന്ന് തേങ്ങയെറിഞ്ഞ് വീഴ്ത്തി. നിലത്ത് വീണ അന്നമ്മ നിലവിളിച്ചപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.