
കണ്ണൂർ : ബിസിനസ്സിലും സിനിമയിലുമായി കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായും താൻ ആത്മഹത്യയുടെ വക്കിലാണെന്നും വെളിപ്പെടുത്തി സിനിമാ നിർമ്മാതാവും ബിസിനസുകാരനുമായ മുരളി കുന്നുംപുറത്ത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിലെ കാര്യങ്ങൾ സത്യമാണെന്ന് മുരളി മാധ്യമങ്ങളോട് പറഞ്ഞു.
സിനിമയിൽ നിന്ന് മാത്രം ഏകദേശം 7 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശത്തേക്ക് കയറ്റി അയച്ച ടൈലുകളുടെ ഇനത്തിൽ ലഭിക്കേണ്ട കോടിക്കണക്കിന് രൂപ ലഭിച്ചില്ല. സിനിമയിലെ ചില സംവിധായകർ തന്നെ ചതിച്ചതായും കടക്കാർ തന്നെ സമാധാനമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
കടുത്ത സാമ്പത്തിക തകർച്ചയെത്തുടർന്ന് താൻ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചു പോയതായും മുരളി വെളിപ്പെടുത്തി. ഒരാഴ്ച മുൻപ് താൻ തന്നെ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോയാണിതെന്നും എന്നാൽ അന്ന് തന്നെ അത് പിൻവലിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പിന്നീട് ചിലർ മനപ്പൂർവ്വം ഇത് വീണ്ടും പ്രചരിപ്പിക്കുകയായിരുന്നു. ബിസിനസ്സിൽ നേരിട്ട വലിയ തിരിച്ചടികളും ആളുകൾ തന്നെ പറ്റിച്ചതുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതെന്ന് മുരളി കുന്നുംപുറത്ത് വ്യക്തമാക്കി. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയിലെ നായക കഥാപാത്രത്തിന് ആധാരമായ യഥാർത്ഥ വ്യക്തിയാണ് മുരളി. മദ്യപാനത്തിൽ നിന്ന് മുക്തി നേടി ബിസിനസ്സ് രംഗത്ത് വിജയിച്ച അദ്ദേഹത്തിന്റെ ജീവിതം വലിയ പ്രചോദനമായിരുന്നു.