
കൽപ്പറ്റ:മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ഇന്ന് ഒരു വർഷം തികയുകയാണ്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ അടക്കിയ ഹൃദയഭൂമിയിലേക്ക് ഇന്ന് രാവിലെ മുതൽ ജനസാഗരമാണ് ഒഴുകിയെത്തിയത്. ഉറ്റവരും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടി നിന്നു. ഹൃദയഭൂമിയിൽ കണ്ട കാഴ്ചകൾ ആരുടെയും മനസ്സ് പിടിച്ചുലയ്ക്കുന്നതായിരുന്നു.
ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഈ നാട് ഇനിയും മുക്തമായിട്ടില്ലെന്ന് ആ കാഴ്ചകൾ വിളിച്ചുപറയുന്നു. വളരെ വൈകാരികമായ രംഗങ്ങൾക്കാണ് ഹൃദയഭൂമി സാക്ഷ്യം വഹിക്കുന്നത്. പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങൾക്ക് മുന്നിൽ തേങ്ങിക്കരഞ്ഞാണ് പലരും നിന്നത്. ആർക്കും ആശ്വാസം നൽകാനാവാത്ത കാഴ്ച്ചകളാണ് ഹൃദയഭൂമിയിലുള്ളത്. ദുരന്തം നടന്ന് ഒരാണ്ട് പിന്നിടുമ്പോഴും അതിൻ്റെ ആഘാതത്തിൽ നിന്ന് ഈ നാട്ടുകാർ മോചിതരായിട്ടില്ലെന്നതാണ് കാണുന്ന കാഴ്ച്ച.
ദുരന്തത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ജനപ്രതിനിധികളടക്കം ഇന്ന് സർവ്വമത പ്രാർത്ഥനയിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ പരിപാടികളിലും അവർ പങ്കുചേരും. അതേസമയം, ദുരിതബാധിതരുടെ പുനരധിവാസത്തിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഇന്ന് സമരം സംഘടിപ്പിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് രാപ്പകൽ സമരം തുടരുകയാണ്. ഒരു വർഷം പിന്നിടുമ്പോഴും ദുരന്തബാധിതരുടെ ജീവിതം സാധാരണ നിലയിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ പ്രതിഷേധങ്ങൾക്ക് പിന്നിൽ.