Banner Ads

നടി മിനു മുനീർ പണം ആവശ്യപെട്ട് ഭീഷണിപ്പെടുത്തിയെന്ന് മുകേഷ്

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടന്മാർക്ക് നേരെയാണ് പീഡന ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നത്. ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി മീനു മുനീറിനെതിരെ നടനും എംഎൽഎയുമായ മുകേഷ് പ്രതികരിച്ചു. ആരോപണത്തിൽ യാതൊരു വസ്‌തുതയില്ലെന്നും ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു എന്നും മുകേഷ് വാർത്താ ഗ്രൂപ്പിലൂടെ വ്യക്തമാക്കി.  മിനു മുകേഷിനെതിരെ നടത്തിയ ആരോപണത്തിനുശേഷം മുകേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം തുടരുകയാണ്.  ഈ പശ്ചാത്തലത്തിലാണ് മുകേഷിന്റെ പ്രതികരണം.

മിനു തന്നെ ബ്ലാക്ക്മെയിൽ ചെയ്തെന്നും ഒരു ലക്ഷമെങ്കിലും തരണമെന്ന് ആവശ്യപ്പെട്ടന്നും വാട്സപ്പിലൂടെ സന്ദേശം അയച്ചതായും മുകേഷ്.  2009ലാണ് മിനു എന്ന പേരുള്ള ഒരു സ്ത്രീ തന്റെ വീട്ടിൽ വന്നിരുന്നത്. അവസരങ്ങൾക്കായി സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  ശ്രമിക്കാം എന്ന് താൻ മറുപടി നൽകിയിരുന്നു. പിന്നീട് തന്റെ നല്ല പെരുമാറ്റത്തെ അഭിനന്ദിച്ചു മിനു സന്ദേശം അയക്കുകയും ചെയ്തിരുന്നു. ഒരു അനിഷ്ടവും അവർ പ്രകടിപ്പിച്ചിരുന്നില്ല.

2022 ലാണ് പിന്നീട് അവർ താനുമായി പരിചയപ്പെടുന്നതെന്നും,  മിനു എന്ന പേരിലാണ് അന്ന് തനിക്ക് പരിചയപ്പെടുത്തിയതെന്നും ഇതിനുശേഷമാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടതും പണം ചോദിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും മുകേഷ് വെളിപ്പെടുത്തുന്നു. ഭർത്താവ് എന്ന് പറയുന്ന ആളാണ് ഫോണിൽ വിളിച്ച് വൻ തുക വേണമെന്ന് ആവശ്യപ്പെട്ടത്.  മീനു മുനീറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുകേഷ് പറയുന്നു. ബ്ലാക്ക് മെയിലിന് കീഴടങ്ങില്ലെന്നും ആരോപണത്തിൽ തനിക്കെതിരെയുള്ള അന്വേഷണത്തെ താൻ സ്വാഗതം ചെയ്യുന്നു, സുതാര്യമായുള്ള അന്വേഷണം ഇതിൽ വേണമെന്നും ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും മുകേഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *