
തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ട്രാഫിക് നിയമലംഘനങ്ങൾക്ക് എ.ഐ. ക്യാമറകൾ വഴി ചുമത്തിയ ലക്ഷങ്ങളുടെ പിഴ ഒഴിവാക്കാൻ നീക്കം. ഇതിനായി ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു നിയമോപദേശം തേടി. സംസ്ഥാനത്തെ 18 ആർ.ടി. ഓഫീസുകളിലെയും 86 ജോയിന്റ് ആർ.ടി. ഓഫീസുകളിലെയും ഉദ്യോഗസ്ഥരാണ് നിയമം ലംഘിച്ച് ക്യാമറയിൽ കുടുങ്ങിയത്.
നിസ്സാര നിയമലംഘനത്തിന് സാധാരണക്കാര്‍ക്ക് വൻതുക പിഴ ചുമത്തുന്ന അതേ ഉദ്യോഗസ്ഥർ തന്നെ നിയമം ലംഘിക്കുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ ഇത്തരം കേസുകൾ പിൻവലിക്കാൻ കഴിയൂ. അതിന് പൊതുതാൽപര്യം ഉണ്ടാകണം. പിൻവലിക്കാൻ പറ്റിയ കേസ് ആണെന്ന് പ്രോസിക്യൂട്ടർമാർ കോടതിയെ ബോധ്യപ്പെടുത്തണം.
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ സർക്കാർ സുപ്രീംകോടതി വരെ പോയിട്ടും നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ കേസ് ഒതുക്കാനുള്ള ഗതാഗത കമ്മിഷണറുടെ നീക്കവും തിരിച്ചടി നേരിടാനാണ് സാധ്യത.